Kerala
തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ തെരുവു നായ കടിച്ചുകൊന്ന സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിനും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കൈയിലും കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് കിടപ്പുരോഗിയായ കാര്‍ത്ത്യാനിയെ നായ ആക്രമിച്ചത്. ഇവരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ ആക്രമിച്ചിരുന്നു.
ഭക്ഷണവുമായി കാര്‍ത്ത്യായനിയുടെ ഇളയ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് കാർത്ത്യാനിയെ ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം. മുന്‍ എംപിയും മുതിർന്ന നേതാവുമായ ടി.എന്‍.പ്രതാപനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസാണ് പ്രതാപനെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന വിമര്‍ശനവും പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്.
പ്രസ് ക്ലബിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യുവാക്കൾ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പക. പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.
കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടിയെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
Kerala
തൃശൂർ: ജില്ലയിലെ സിപിഐ സ്ഥാനാർഥിനിർണയത്തിൽ ധാരണയായി. മന്ത്രി കെ. രാജൻ ഒല്ലൂർ മണ്ഡലത്തിൽതന്നെ ജനവിധി തേടും.
മൂന്നാം തവണയാണ് രാജൻ മത്സരരംഗത്തിറങ്ങുന്നത്. പാർട്ടിയിലെ ടേം വ്യവസ്ഥയിൽ ഇളവു നൽകിയാണ് രാജനെ വീണ്ടും പരിഗണിച്ചത്. ജില്ലയിൽ മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ മൂന്നിടത്തും പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് പാർട്ടിയുടെ തീരുമാനം.
കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനു പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്ഥാനാർഥിയാകും. കയ്പമംഗലത്തു രണ്ടുതവണ എംഎൽഎയായിരുന്ന ഇ.ടി. ടൈസണെ മാറ്റി മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ നിശ്ചയിച്ചു.
നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ തന്നെ വീണ്ടും മത്സരിക്കും. മണ്ഡലം കമ്മിറ്റിയിൽ മുകുന്ദനെതിരേ വിമർശനങ്ങൾ ഉയർന്നെങ്കിലും ഒരുതവണ മാത്രം എംഎൽഎയായ അദ്ദേഹത്തെ മാറ്റുന്നതു പുതിയ വിവാദങ്ങൾക്കു വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.
തൃശൂർ മണ്ഡലത്തിൽ ഇത്തവണ വനിതാസ്ഥാനാർഥിയെ ഇറക്കാനാണ് നീക്കം. സിറ്റിംഗ് എംഎൽഎ പി. ബാലചന്ദ്രൻ ഒഴിവാക്കപ്പെട്ടേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനാണ് ഇവിടെ മുൻഗണന.
കോർപറേഷൻ മുൻ കൗൺസിലർ സാറാമ്മ റോബ്സന്റെ പേരും പരിഗണനയിലുണ്ട്. വനിതകളല്ലെങ്കിൽ ഒരു ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. അതേസമയം, വി.എസ്. സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ പാർട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ചേർന്നിരുന്നു. സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Kerala
തൃശൂർ: ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലിനാണ് അപകടം നടന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെറുതുരുത്തി പൊന്നാനി പ്രധാന പാതയിൽ ആറങ്ങോട്ടുകരക്കും തലശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്താണ് അപകടം നടന്നത്.
വളവിനോട് ചേർന്ന് എതിരെ വന്ന കാറിന് വശം ഒതുക്കി നൽകുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും കോഴിക്കോടും സെമിയില്‍. എറണാകുളത്തെ കീഴടക്കിയാണ് തൃശൂര്‍ സെമിയിലെത്തിയത്. സ്കോര്‍: 65-28. കോഴിക്കോട് ക്വാര്‍ട്ടറില്‍ 77-70ന് തിരുവനന്തപുരത്തെയാണ് തോല്‍പ്പിച്ചത്.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ ക്വാര്‍ട്ടറില്‍ കണ്ണൂരിനെ നേരിടും. ആലപ്പുഴ x കോട്ടയം, കോഴിക്കോട് x എറണാകുളം, തിരുവനന്തപുരം x മലപ്പുറം എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങളില്‍ കോട്ടയം 62-58ന് കൊല്ലത്തെയും തൃശൂര്‍ 75-61ന് എറണാകുളത്തെയും തിരുവനന്തപുരം 57-55ന് ആലപ്പുഴയെയും തോല്‍പ്പിച്ചു.
Kerala
തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.
Kerala
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപി മിന്നൽ സന്ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്.
തുടർന്ന് ഊട്ടുപുരയും അദ്ദേഹം സന്ദര്‍ശിച്ചു. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
കലോത്സ വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്ഗോപി നിലപാട് വ്യക്തമാക്കി. താമരയിൽ എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത.
കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മുതൽ 18വരെയാണ് 64-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവം.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിലുണ്ടായ തീപിടിത്തത്തിൽ നടപടിയുമായി തൃശൂർ കോർപറേഷൻ. സ്റ്റേഷൻ മാസ്റ്റർക്ക് കോർപറേഷൻ നോട്ടീസ് അയച്ചു.
തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയായിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ പറയുന്നു.
തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പിടിച്ചത്.
Kerala
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.
അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.
തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.
പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തൃശൂര്‍: ബോൺ നത്താലെയ്ക്ക് ടൂറിസം മേഖലയിൽ പ്രത്യേക പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഇന്ത്യയുടെയും അതിന്റെ മൂല്യങ്ങളുടെയും മൃദുലമായ ഒരു അംബാസഡറായാണ് ഈ ഉത്സവത്തെ കാണുന്നത്.
നിറങ്ങളും കൂട്ടായ സന്തോഷവുംകൊണ്ട് സ്വരാജ് റൗണ്ട് സജീവമാകുമ്പോൾ പൈതൃകത്തിൽ ആത്മവിശ്വാസമുള്ള ഒരു നഗരത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ബോൺ നത്താലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
ചെറുകിട ബിസിനസുകൾക്ക് ഊർജം നൽകുകയും ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ആഗോള ടൂറിസം ഭൂപടത്തിൽ തൃശൂരിനെ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നു. ആഘോഷങ്ങൾ അവസരങ്ങളായി മാറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജൻ. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റും.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണ്. അതിനാൽ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം പോളിംഗ് 40.09 ശതമാനമായി. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറത്തും (42.02 %) കുറവ് കണ്ണൂരിലുമാണ് (38.73%) രേഖപ്പെടുത്തിയത്.
Kerala
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച ആക്രമണമുണ്ടായത്.
പരിക്കേറ്റ എട്ടു പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ രംഗത്തെത്തി.
അതേ സമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Kerala
തൃശൂർ: അതിർത്തി തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. തൃശൂർ നെടുപുഴയിലുണ്ടായ സംഭവത്തിൽ വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്.
കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ഗണേഷ് റിമാൻഡിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവും ചർച്ച ചെയ്യേണ്ടന്നും വികസനം ചർച്ച ചെയ്യണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളും തനിക്ക് വോട്ട് ചെയ്തു.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
കെ. മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. തെരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കണം ചർച്ച ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂർ: വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്കായതിനെ ചൊല്ലി സംഘര്‍ഷം. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്.
നിരവധി ആഡംബര കാറുകളിലാണ് വിവാഹ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു.
ഇതോടെ വാക്കേറ്റമുണ്ടാവുകയും ചിലർക്ക് മർദനമേൽക്കുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗവും കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. കല്ലേറിൽ രണ്ടുപേർക്ക് പരിക്കേറ്റു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെന്നും കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തെന്നും എസ്എച്ച്ഓ പറഞ്ഞു.
Kerala
തൃശൂർ: നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാൽനട യാത്രികനായ വയോധികന് ദാരുണാന്ത്യം. തൃശൂരിലെ മുണ്ടത്തിക്കോട് രാജഗിരി സ്കൂൾ ബസ്റ്റോപ്പിന് സമീപത്തുണ്ടായ അപകടത്തിൽ മിണാലൂർ സ്വദേശി കോയ (70) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായ ഹസൻ അനസുമായി ബന്ധമില്ലെന്നും തന്റെ പിഎയായി ഇയാൾ പ്രവർത്തിച്ചിട്ടില്ലെന്നും ഹാരീസ് ബീരാൻ എംപി. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ പദവി നൽകിയിരുന്നില്ലെന്നും എംപിയുടെ ഓഫീസ് അറിയിച്ചു.
മാവിൻചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസി (25)നെ പെരുമ്പാവൂർ പോലീസാണ് പിടികൂടിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്. ഇയാളുടെ അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും രൂപ വന്നിട്ടുള്ളത്. അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സൈബർ തട്ടിപ്പ് നടത്തിയതായാണ് പോലീസ് കണ്ടെത്തൽ.
Kerala
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ക്കെതിരേ പരാതി നല്കി നീക്കം ചെയ്തിരുന്നു.
തൃശൂരിലെ വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാം. അതിനു ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നതിനു പകരം ഇപ്പോള്‍ നടത്തുന്നത് നുണ പ്രചാരണങ്ങളാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്തു കൊല്ലം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചരണങ്ങളാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തൃശൂര്‍: വോട്ട് ക്രമക്കേട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെത്തി അദ്ദേഹം 9.30 ഓടെ വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ആശുപത്രിയിലെത്തിയ സുരേഷ് ഗോപി ചൊവ്വാഴ്ച രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദർശിച്ചു. അതേസമയം, മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം മടങ്ങുന്ന വഴി "ഇത്രത്തോളം സഹായിച്ചതിനു നന്ദി' എന്നു മാത്രം പ്രതികരിക്കുകയും ചെയ്തു.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിഓയിൽ ഒഴിച്ച തന്റെ ക്യാമ്പ് ഓഫീസിലേക്കാണ് സുരേഷ് ഗോപി പോയത്.
Kerala
തൃശൂർ: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കുരുവിലശേരി മാരിക്കല്‍ കരിപാത്ര സഹദേവൻ(64) ആണ് മരിച്ചത്.
വേദനയ്ക്കിടയിലും സഹദേവൻ റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
വാഹനത്തില്‍ ഒമ്പത് വിദ്യാര്‍ഥികളും സ്കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന് കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു ഇതുവഴി വന്ന കാറിലാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്: കൃഷ്ണകുമാര്‍.
Kerala
തൃശൂര്‍: ചൊവ്വൂര്‍ അഞ്ചാംകല്ലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന മൂന്ന് സ്ത്രീകള്‍ക്ക് പരിക്കുണ്ട്.
കാര്യാട്ടുപറമ്പില്‍ സംഗീത, പ്രേമ, സൈറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരില്‍നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്.